കവിത
റീജ മുകുന്ദൻ
ഇരുളിനെ ഭയമായിരുന്നവള്‍ക്കെന്നും
മരണത്തിന്റെ മണമുള്ള കൂരിരുളിനെ...
എങ്ങനെയോ ഒരുനാള്‍
അവള്‍ ആ ഇരുളിനേയും
അഗാധമായ് പ്രണയിക്കാന്‍ തുടങ്ങി..
സ്നേഹത്തിന്റെ സുഗന്ധമായിരുന്നപ്പോള്‍ ഇരുളിനു്..
സാന്ത്വനത്തിന്റെ സ്പര്‍ശമുണ്ടായിരുന്നതിന്റെ കുളിരിനു്..
പമ്മിപ്പതുങ്ങി വരുന്ന ഇരുളിന്റെ
കാലൊച്ചയ്ക്കായ് അവളെന്നും
കാതോര്‍ത്തു..
കൂരിരുളിന്റെ ചൂരും ചൂടും
അവള്‍ക്കൊരു ഹരമായിരുന്നു..
പിന്നീടെപ്പോഴോ അവളനുഭവിച്ചറിഞ്ഞു:
ഇരുള്‍ സമ്മാനിച്ചു പോയ
അടിവയറ്റിലെ സ്വന്തം ജീവന്റെ തുടിപ്പിനെ..
കുഞ്ഞിന്റെ അഛനെ അന്വേഷിച്ചു വരുന്നവര്‍ക്ക്
കൂരിരുളിനെയവള്‍ സാകൂതം കാട്ടിക്കൊടുത്തു...
ഇരുളിലുറഞ്ഞു കിടക്കുമ്പോള്‍
സ്വന്തം കാലിലെ ചങ്ങലക്കിലുക്കം കേട്ട്
സ്വയം മതിമറന്നു...
സ്വന്തം കുഞ്ഞിന്റെ കിളിക്കൊന്ചലുകള്‍
കേള്‍ക്കാനവള്‍ക്കൊരിക്കലും
കാതുകളുണ്ടായിരുന്നില്ല..!
ഇരുളിന്റെ ആഴമളന്നു കളിച്ച അവള്‍
കാട്ടാറിനെപ്പോലെ കളിച്ചു ചിരിച്ച്
കാലത്തോടൊപ്പം കരഞ്ഞുകലങ്ങുമ്പോഴും ---
അറിയുന്നുണ്ടായിരുന്നില്ല:
ഇരുളിന്റെ ഒരു
മഹാഗഹ്വരം മാത്രമാണ്
തന്റെ പാഴ്ജന്മമെന്ന്..!
No comments:
Post a Comment